Monday, April 18, 2022
Saturday, April 16, 2022
ബൂട്ട് ചെയ്യുന്ന സിസ്റ്റത്തിന്റെ നേരിയ മൂളലില്അക്ഷമയോടെ മൗസില്‍
വിരല്‍ ചേർത്തിരിക്കുന്നവർക്ക്
ഉടനെപ്പോഴോ ഡസ്ക് ടോപ്പില്‍ തെളിഞ്ഞു വരാവുന്ന
സുന്ദര ചിത്രങ്ങളുടെ വെളിപ്പെടുത്തലാണ്
പിറവി
അപ്രതീക്ഷിതമായി അപ്പോള്‍ കറന്റ് പോയാല്‍
ബീപ് ശബ്ദം ഉയര്‍ന്നു തുടങ്ങിയാല്‍
സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെടുമ്പോള്‍
അത്.......... അബോര്‍ഷന്‍
എപ്പോഴൊക്കെയോ ചെയ്തു കൂട്ടിയ ഡോക്യുമെന്റ്സ്
ഡിലീറ്റു ചെയ്തിട്ടും ഫോള്ഡറില്‍
നിന്ന് പോകാതെ വരുമ്പോള്‍..... അത്
ശാപമായ ഒരു ഓര്മ
മഴവില്ല് വര്‍ണങ്ങ ളാല്‍
ഡസ്ക് ടോപ്പില്‍ വിരിഞ്ഞ
മരുന്ന ഒരായിരം അറിവുകള്‍
ഒരു ആജ്ഞയാല്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ കഴിഞ്ഞാല്‍....... അത്....... മരണം...
വീണ്ടുമൊരു തുറവിക്കുള്ള മരണം...
ഞാൻ നിന്നെ പേരുചൊല്ലി വിളിക്കുന്നില്ല
ഒരു പേരിലെന്തിരിക്കുന്നുവെന്ന്വെറുതേ പറഞ്ഞൊഴിയുകയല്ല.
നിന്നെ ഞാൻ നീയെന്നു വിളിക്കാം.
സ്നേഹമില്ലാഞ്ഞിട്ടല്ല.
എന്നോടു ഞാൻ എന്റെ പേരുചൊല്ലി വിളിച്ചു
സംസാരിക്കാൻ തുടങ്ങുന്ന കാലത്തു നിന്നേയും പേരു വിളിക്കാം.
പേരുകൾ നമുക്കിടയിൽ കൂറ്റൻ മതിലുകൾ പോലെ.
അതു നീ നിന്നെ മറക്കാൻ ( മറയ്ക്കാനും)
എടുത്തണിഞ്ഞിരിക്കുന്ന മൂടുപടം പോലെ.
ഞാനല്ലാത്തതെല്ലാം നീ
നീയല്ലാത്തതെല്ലാം ഞാൻ
ഞാനും നീയും നമ്മൾ
നമ്മളല്ലാത്തതെല്ലാം അവർ
പിന്നെ പേരെന്തിന്?????????
കുറെ ‘ക‘യും കായും
കണ്ണിമാങ്ങക്കുലകളെ കൊല ചെയ്ത
കിരാതന്റെ കീശയിൽ കനത്ത കാശ്.
കാറ്റിലാടി കരഞ്ഞുകരഞ്ഞ്
കായില്ലാത്ത കോകിലമില്ലാത്ത കോലമായി
കാലം കഴിച്ചവൾ.
അച്ചാർ ഭരണിയിൽ ആരവങ്ങളില്ലാതെ
കുഞ്ഞുമക്കൾ, നീരുവന്നുവീർത്ത്
ദശയടർന്ന് സോമരസത്തിനകമ്പടിപോയി.
അകാലചരമം പ്രാപിച്ച
മക്കളുടെ സ്മരണയിൽ അമ്മ തേങ്ങി
കൊച്ചുമക്കളെ കണ്ടിട്ടു തടിമുറിയുവാൻ
പ്രാർത്ഥനകളോടെ.
അങ്ങനെയങ്ങനെ ഒരു ദിവസം
വലിയ വീട്ടിലെ കൊച്ചു മുതലാളി
‘പഞ്ചത്വം ഗതഃ‘,കണ്ണിമാങ്ങ തൊണ്ടയിൽ കുടുങ്ങി പോലും!
കിരാതൻ വീണ്ടും വന്നു.
അമ്മയുടെ നെഞ്ചത്തും മാറിലും
കോടാലി ആഴ്ന്നിറങ്ങി
കിരാതന്റെ കീശയിൽ വെള്ളിക്കാശ്
ആ ചിതയുടെ ഗന്ധത്തിൽ
നാട്ടിലെ മാവുകൾ വന്ധ്യകളായി
കീശയിലെ കാശിന്റെ കണ്ണിമാങ്ങക്കറകൾ
പതുക്കെ ഇല്ലാതായി.
അങ്ങനെയങ്ങനെ…… ഒരിക്കൽ
ചന്തമുക്കിലെ നാട്ടുമാവിന്റെ കൊമ്പിൽ
കിരാതൻ കിടന്നാടി
ഒറ്റക്കു പിറന്ന കണ്ണിമാങ്ങ പോലെ.
നാട്ടുകാർ അറിയുന്നതിനു മുൻപ്
ശവംതീനി നരിച്ചീറുകൾ
കണ്ണിമാങ്ങക്കു വില പറഞ്ഞു
ആർക്കും മനസ്സിലാകാത്ത ഭാഷയിൽ
എത്രയോ ‘ക‘
ഉണക്കോർമ്മ
'
വര പടിയിറങ്ങിപ്പോയ
വിരല്‍ത്തുമ്പിന്നോര്‍മകള്‍
Friday, April 15, 2022
ഓരോ പെണ്ണും ഒരു ചോദ്യ ചിഹ്നമാണ്
ഓരോ പെണ്ണും ഒരു ചോദ്യ ചിഹ്നമാണ്
പാദങ്ങളില്‍ സിന്ദൂരപ്പൊട്ടു ചുമക്കുന്നവര്‍.
അവസാനത്തെ തീവണ്ടി മുറിയിലിരുന്ന്
ബോധിവൃക്ഷത്തണലിനെ സ്വപ്നം കാണുന്നവര്‍.
ഇരുട്ടിന്റെ നട്ടെല്ലായി ആകാശത്തിലേക്കു
കയറിപ്പോകുന്നുണ്ട് പാളങ്ങള്‍...
ഞെരിഞ്ഞിലും മുന്തിരിചെടിയും
ചരിത്ര ഭൂപടങ്ങള്‍ തിരുത്തി വരയുന്നിടത്ത്
മൗനം കനപ്പിച്ച ചിരിയുമായി
കപിലവസ്തുവിലെ പാട്ടുകാരന്‍,
റെയില്‍വേ അനൗൺസ്മെന്റു ജപിച്ച്
ഭജനമിരിക്കുന്നു.
ഇല്ലങ്ങളില്‍ ചുട്ടുകൊല്ലപ്പെടുന്ന എലികളുടെ വിലാപം
കനത്ത മേലാപ്പില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍
ചോദ്യങ്ങള്‍ നിഴല്‍പീലി വിടര്‍ത്തിയാടുന്ന
കാലം വരുന്നുണ്ട് .
അപായച്ചങ്ങല ദീനം പിടിച്ചു വിറയ്ക്കും.
കിഴക്കുദിക്കുന്ന സൂര്യനും കിഴക്കിന്റെ രാജാക്കന്മാരും
രക്തം കൊണ്ട് തീര്‍ത്ത ചുമർചിത്രങ്ങൾക്ക്
പ്രാകൃതലിപികളാൽ അടിക്കുറിപ്പുകളെഴുതും.
കട്ടിപിടിച്ച ഇന്നലെകള്‍ ഓവ് ചാലുകളില്‍ കെട്ടിക്കിടക്കുന്നു ... ജന്മരഹസ്യം തേടി.
ചോദ്യങ്ങള്‍ ഉത്തരങ്ങളെ ചവിട്ടിമെതിക്കുന്ന
കാലം വരുന്നുണ്ട്.
സിന്ദൂരപ്പൊട്ടുകള്‍ കുടഞ്ഞെറിയണം.
പുത്തനൊരു പുളിവാറലുമായി
അടുക്കളയില്‍ അമ്മ നോക്കിയിരിപ്പുണ്ട് .
കളിക്കിടയില്‍ പെങ്ങളെ കരയിച്ച്
വിയര്‍ത്തുകുളിച്ചു കയറിവരുന്ന കള്ളക്കോമരങ്ങളെയും കാത്ത്.
പത്താമത്തെ രസം
.പത്താമത്തെ രസം
വിരഹത്തിനും ഉന്മാദത്തിനും മധ്യേ
കവിത, റിസര്‍വ് ചെയ്യാത്ത ബര്‍ത്തുപോലെ.
ആന്തര സമരത്തിന്റെ പ്രത്യാഘാത ങ്ങള്‍ക്കിടയില്‍
ഭാവനയില്‍ അഭിരമിച്ച്
കറുത്ത കവിതയെയും മാറാപ്പിലേറ്റി
നവരസങ്ങളില്‍ ഗവേഷണം നടത്തുന്ന
വെളുക്കാത്ത കവി.
ലഹരിയാകുന്ന ഡിറ്റര്‍ജന്‍റുകള്‍ക്ക്
കണ്ണുനീരിൽ ചാലിച്ച പയറുപൊടി
മേമ്പൊടിയാകുമ്പോള്‍
വിവാഹമോചനത്തിന് വക്കാലത്തുമായി
മാറുമറയ്ക്കാത്ത കവിത പടിയിറങ്ങി .
പടിഞ്ഞാറന്‍ വ്യാപാരി പൊളിച്ചു കൊണ്ടുപോയ
പടിവാതിലിന്റെ സ്ഥാനത്തു കവി നിന്നു.
സീസ് മോഗ്രാഫില്‍ തെളിഞ്ഞ
ഒടിഞ്ഞു നുറുങ്ങിയ വരകളുടെ പകര്‍പ്പും
പേരുവയ്ക്കാത്ത കത്തുമായി പോസ്റ്റുമാന്‍ .
കവി, നവവാല്‍മീകി
തോള്‍സഞ്ചിയില്‍ രുദ്രാക്ഷം തപ്പി.
രാസനാമങ്ങളുരുവിട്ടു.
കാലുറക്കുള്ളിലെ നോട്ടുകള്‍
ഒന്നിനും തികയാതെ ....
അവ നിലാവത്തെ വെളുത്ത പൂച്ചയെപ്പോലെ
പല്ലിളിച്ചു..... കണ്ണുചിമ്മി ...............പിടിതരാതെ .
ചിലവിന്റെ കോളത്തില്‍ ചുവന്ന വരകള്‍ക്ക് മീതെ
മരുഭുമിയില്‍ പെയ്ത മഴപോലെ
അലിഞ്ഞു പോയി ..
കവി പോയി ....ദൂരേക്ക്.
ചിതല്‍പുറ്റുണ്ടാക്കാന്‍ കളിമണ്ണ് തേടി .
ദൂരെനിന്നു ഒരു വില്ലുവണ്ടി
ഉടലില്ലാതെ... നാവ് മാത്രമായി ഒരുവള്‍.
കേള്‍ക്കാന്‍ ചെവിയുള്ളവര്‍ക്കായി
പല നിറത്തില്‍ തിളങ്ങുന്ന സുദര്‍ശന ചക്രങ്ങളില്‍
സ്വരവും നിറച്ച് .
അര്‍ഥമില്ലാത്ത വാക്കുകളാല്‍ ഈണങ്ങള്‍ തീര്‍ത്ത്
അവള്‍ കാത്തിരുന്നു ... പടിപ്പുരയില്‍...
കളിമണ്ണുമായി വന്ന വാല്‍മീകി
തലകുനിച്ച് പിന്നാമ്പുറത്തുകൂടി അകത്തു കയറി
പത്മാസനസ്ഥനായി .
നവരസങ്ങള്‍ മന്ത്ര ജപങ്ങളായി.
മസ്തിഷ്കം ചതിയുടെ മാറാല തീർത്തു.
രസമൊൻപതും തികയാതെ .....കവി ...
ആര്‍ത്തനാദം ..... പിഴുതെറിയപ്പെട്ട താടിരോമങ്ങള്‍.
കാല്‍ ചുവട്ടില്‍ നിന്നും ഒലിച്ചുപോകുന്ന മണ്ണ്
ഒടുവില്‍....
കയ്യില്ലാക്കവിത പിന്നാമ്പുറത്തെത്തി.
അവന്റെ ചെവിയില്‍ ഹെഡ്ഫോണ്‍ തിരുകി.
പെരുമ്പറ മുഴക്കം പോലെ .....
യുദ്ധ കാഹളം പോലെ .....
വന്നു.... രസങ്ങള്‍ വന്നു...
ഒന്ന് ... രണ്ട്...ഒടുവില്‍ .....
കൈ വിരലുകള്‍ തീര്‍ന്നു....
വലത്തേ കൈയ്യുടെ പെരുവിരല്‍ തുമ്പില്‍
പത്താമത്തെ രസം ... ഭ്രാന്തം....
ബാക് സ്പേസ്-3
കൂടിപ്പോയാൽ അറുപതോ എഴുപതോ സംവൽസരങ്ങൾ .
സുഖവും ദു:ഖവും ഏറിയും കുറഞ്ഞും
സുഖിപ്പിക്കാനും ദു:ഖിപ്പിക്കാനും ചിലർ നിമിത്തമാകുന്നു. പാതി വഴിയെത്തി തിരിഞ്ഞു നോക്കുമ്പോൾ
തികഞ്ഞ ശാന്തത.
സ്വന്തം ചോരയുടെ തിരസ്കരണത്തേക്കാൾ വലിയ വേദനയൊന്നും വരാനില്ലെന്ന തിരിച്ചറിവ്.
വേദനിച്ചതൊക്കെ വെറുതെയായിരുന്നുവെന്ന ആത്മ പുച്ഛം .
നിനക്ക് ഞാനുണ്ട് (ഞാനേയുള്ളു.) എന്ന സ്വയം സമാശ്വസിപ്പിക്കൽ .
ജീവിതമധുപാത്രമാവോളം ആസ്വദിച്ചു നുകരാൻ പാതിക്കാലം കടന്നുപോയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട പാദങ്ങളേ, എന്നെ ചുമക്കുക . നമുക്ക് പോകാം .
കണ്ണേ,ഇതുവരെ കാണാത്ത കാഴ്ചകൾ കൊണ്ട് ഞാൻ നിന്നെ സന്തോഷിപ്പിക്കാം.
പ്രിയ മസ്തിഷ്കമേ എന്റെ പ്രിയ കവിതകളടുക്കി വയ്ക്കുക, ചുണ്ടിൽ പകരുക..
കൈക്കലാക്കരുതൊന്നും എൻ കൈകളേ .
വിട്ടയക്കുക , പ്രിയതരമെല്ലാം
അതതിടത്തിരിക്കട്ടെ
ഹൃദയം മാത്രം നിറച്ചിടാം നമുക്ക് .
ബാക് സ്പേസ്-2
ബാക് സ്പേസ്
(എഴുത്ത്.. പ്രണയം .. ജീവിതം )
2017 വരെ കൃത്യമായി ഡയറിയെഴുതിയിരുന്നു.
തീതിന്നു പോയ ആ അക്ഷരക്കൂട്ടങ്ങളിലായിരുന്നു എന്റെ ഭൂതകാലം. പേരയും ചാമ്പയും റമ്പൂട്ടാനും അതിക്രമിച്ചു കയറിയ പിൻവശത്തെ മുറ്റത്തിനു താഴെയൊരു കുഴിയിൽ നിന്ന് പ്രിയപ്പെട്ട വസ്ത്രങ്ങളോടൊപ്പം കറുത്ത പുകച്ചുരുളുകളായി ഇരുട്ടിന്റെ നട്ടെല്ലായി കയറിപ്പോയിട്ടുണ്ട് പഴയ ഞാൻ.. കവിതയെ ജീവിതമാക്കാനാണോ ജീവിതത്തെ കവിതയാക്കാനാണോ എളുപ്പമെന്നൊരു ചോദ്യമുണ്ട്
രണ്ടായാലും അവിടവിടെ മുറിഞ്ഞുo ഏച്ചുകെട്ടി മുഴച്ചും
സ്വയം മുറിവു തുന്നിക്കെട്ടുന്ന പോരാളിയാവാനാണ് എനിക്കിഷ്ടം.
മുറിവിലൂടെ കുറുകെ സൂചികയറ്റി നൂലറ്റം കടിച്ചു പിടിച്ച് മുറുക്കി കുടുക്കാക്കി അഴിയാക്കെട്ടിട്ട് ബാക്കി നൂൽ കടിച്ചു മുറിച്ച് ചോര കലർന്ന ഉമിനീർ നീട്ടിത്തുപ്പി നോവിനെ തലച്ചോറിലേക്ക് വലിച്ചു കയറ്റി ഇരുകയ്യും കൂട്ടിത്തിരുമ്മി ഒരു നിൽപ്പുണ്ട് ഞാൻ ...
വേദന ഒരാവേശമാണ്. ഞാൻ ഇടിച്ചുപിഴിഞ്ഞെടുക്കുന്ന ഒരു വേദനസംഹാരിക്കൂട്ടുണ്ട്. അതിലെ പ്രധാന ചേരുവ കുറ്റപ്പെടുത്തലുകളുടെയും ഭീഷണികളുടെയും അവഹേളനങ്ങളുടെയും തിരസ്കരണത്തിന്റെയും സത്തു പിഴിഞ്ഞെടുത്ത് പ്രത്യേക അനുപാതത്തിൽ പ്രതിയോഗികളിൽ കുത്തിവച്ച് അവരെക്കൊണ്ട് കുരപ്പിച്ചും കടിപ്പിച്ചും നിർമ്മിച്ചെടുക്കുന്ന ഒരു ആന്റിവെനം.
അതിജീവനത്തിന്റെ പെൺജീവിതങ്ങൾക്ക് കടമ്പകളേറെയുണ്ട്.
ഉള്ളിൽ നിന്നു ചിരിക്കാനും രുചിയോടെ ആഹാരം കഴിക്കാനും ഉറക്കെ കവിത ചൊല്ലാനും ഇഷ്ട സിനിമയ്ക്കിടെ എഴുനേറ്റു നിന്നു കയ്യടിക്കാനും സ്വപ്നം കണ്ടുറങ്ങാനും പ്രഭാതങ്ങളിൽ പ്രതീക്ഷയിലേക്ക് ജനൽ തുറക്കാനും .. സായന്തനത്തിൽ ശാന്തമായി കിളി വാതിൽ ചാരാനും നിത്യനിദ്രയിൽ മറയാനും ....
കഴിയണം എനിക്ക് .. ഓരോ പെണ്ണിനും.
ബാക് സ്പേസ്
ബാക് സ്പേസ്
(എഴുത്ത് - ജീവിതം - പ്രണയം )
അന്നത്തെ നിന്റെയാ മടക്കയാത്രയ്ക്ക് ശേഷം എനിക്ക് എന്നോട് അഗാധമായ പ്രണയമാണ്. നിന്നോടും. കോട മഞ്ഞു പുതഞ്ഞ കണ്ണാടിച്ചില്ലിന്റെ അപ്പുറത്തുനിന്ന് കൈവീശി നീ തിരിഞ്ഞു നടന്നത് എന്നെ അത്രയധികമായി പ്രണയിച്ചിട്ടു തന്നെയാണെന്ന് എനിക്കറിയാം.
നീയവശേഷിപ്പിച്ച മുറിപ്പാടുകൾ.....
നീയെടുത്തിട്ടു പോയ ഓർമ്മകൾ ...
ഇടയ്ക്കിടയ്ക്ക് നിന്നെയോർമ്മിപ്പിക്കാൻ അയക്കുന്ന കുഞ്ഞു വേദനകൾ ....
അലസദിനങ്ങളിലെ മരുന്നിന്റെ മറവിയിടവേളകളിൽ അരിച്ചെത്തുന്ന നനുത്ത മരവിപ്പിൽ പൊതിഞ്ഞ നിന്റെ ശാസനകൾ ... ഗ്ലൂക്കോമീറ്റർ ദേഷ്യത്തോടെ അലറി വിളിച്ച പ്രഭാതങ്ങളിൽ ശരവണ ഭവനിലെ തിടുക്കക്കാരൻ വെയ്റ്റർ പയ്യന്റെ മുഖമായിരുന്നു നിനക്ക് .
-
കണ്ണിമാങ്ങക്കുലകളെ കൊല ചെയ്ത കിരാതന്റെ കീശയിൽ കനത്ത കാശ്. കാറ്റിലാടി കരഞ്ഞുകരഞ്ഞ് കായില്ലാത്ത കോകിലമില്ലാത്ത കോലമായി കാലം കഴിച്ചവൾ. അച്ചാർ...











