Friday, April 15, 2022

ബാക് സ്പേസ്-2

 ബാക് സ്പേസ്

(എഴുത്ത്.. പ്രണയം .. ജീവിതം )

 2017 വരെ കൃത്യമായി ഡയറിയെഴുതിയിരുന്നു.


തീതിന്നു പോയ ആ അക്ഷരക്കൂട്ടങ്ങളിലായിരുന്നു എന്റെ ഭൂതകാലം. പേരയും ചാമ്പയും റമ്പൂട്ടാനും അതിക്രമിച്ചു കയറിയ പിൻവശത്തെ മുറ്റത്തിനു താഴെയൊരു കുഴിയിൽ നിന്ന് പ്രിയപ്പെട്ട വസ്ത്രങ്ങളോടൊപ്പം കറുത്ത പുകച്ചുരുളുകളായി ഇരുട്ടിന്റെ നട്ടെല്ലായി കയറിപ്പോയിട്ടുണ്ട് പഴയ ഞാൻ.. കവിതയെ ജീവിതമാക്കാനാണോ ജീവിതത്തെ കവിതയാക്കാനാണോ എളുപ്പമെന്നൊരു ചോദ്യമുണ്ട്

രണ്ടായാലും അവിടവിടെ മുറിഞ്ഞുo ഏച്ചുകെട്ടി മുഴച്ചും 

സ്വയം മുറിവു തുന്നിക്കെട്ടുന്ന പോരാളിയാവാനാണ് എനിക്കിഷ്ടം.

മുറിവിലൂടെ കുറുകെ സൂചികയറ്റി നൂലറ്റം കടിച്ചു പിടിച്ച് മുറുക്കി കുടുക്കാക്കി അഴിയാക്കെട്ടിട്ട് ബാക്കി നൂൽ കടിച്ചു മുറിച്ച് ചോര കലർന്ന ഉമിനീർ നീട്ടിത്തുപ്പി നോവിനെ തലച്ചോറിലേക്ക് വലിച്ചു കയറ്റി ഇരുകയ്യും കൂട്ടിത്തിരുമ്മി ഒരു നിൽപ്പുണ്ട് ഞാൻ ...

വേദന ഒരാവേശമാണ്. ഞാൻ ഇടിച്ചുപിഴിഞ്ഞെടുക്കുന്ന ഒരു വേദനസംഹാരിക്കൂട്ടുണ്ട്. അതിലെ പ്രധാന ചേരുവ കുറ്റപ്പെടുത്തലുകളുടെയും ഭീഷണികളുടെയും അവഹേളനങ്ങളുടെയും തിരസ്കരണത്തിന്റെയും സത്തു പിഴിഞ്ഞെടുത്ത് പ്രത്യേക അനുപാതത്തിൽ പ്രതിയോഗികളിൽ കുത്തിവച്ച് അവരെക്കൊണ്ട് കുരപ്പിച്ചും കടിപ്പിച്ചും നിർമ്മിച്ചെടുക്കുന്ന ഒരു ആന്റിവെനം.

അതിജീവനത്തിന്റെ പെൺജീവിതങ്ങൾക്ക് കടമ്പകളേറെയുണ്ട്.

ഉള്ളിൽ നിന്നു ചിരിക്കാനും രുചിയോടെ ആഹാരം കഴിക്കാനും ഉറക്കെ കവിത ചൊല്ലാനും ഇഷ്ട സിനിമയ്ക്കിടെ എഴുനേറ്റു നിന്നു കയ്യടിക്കാനും സ്വപ്നം കണ്ടുറങ്ങാനും പ്രഭാതങ്ങളിൽ പ്രതീക്ഷയിലേക്ക് ജനൽ തുറക്കാനും .. സായന്തനത്തിൽ ശാന്തമായി കിളി വാതിൽ ചാരാനും നിത്യനിദ്രയിൽ മറയാനും ....

കഴിയണം എനിക്ക് .. ഓരോ പെണ്ണിനും.


No comments:

Post a Comment