.പത്താമത്തെ രസം
വിരഹത്തിനും ഉന്മാദത്തിനും മധ്യേ
കവിത, റിസര്‍വ് ചെയ്യാത്ത ബര്‍ത്തുപോലെ.
ആന്തര സമരത്തിന്റെ പ്രത്യാഘാത ങ്ങള്‍ക്കിടയില്‍
ഭാവനയില്‍ അഭിരമിച്ച്
കറുത്ത കവിതയെയും മാറാപ്പിലേറ്റി
നവരസങ്ങളില്‍ ഗവേഷണം നടത്തുന്ന
വെളുക്കാത്ത കവി.
ലഹരിയാകുന്ന ഡിറ്റര്‍ജന്റുകള്‍ക്ക്
കണ്ണുനീരിൽ ചാലിച്ച പയറുപൊടി
മേമ്പൊടിയാകുമ്പോള്‍
വിവാഹമോചനത്തിന് വക്കാലത്തുമായി
മാറുമറയ്ക്കാത്ത കവിത പടിയിറങ്ങി .
പടിഞ്ഞാറന്‍ വ്യാപാരി പൊളിച്ചു കൊണ്ടുപോയ
പടിവാതിലിന്റെ സ്ഥാനത്തു കവി നിന്നു.
സീസ് മോഗ്രാഫില്‍ തെളിഞ്ഞ
ഒടിഞ്ഞു നുറുങ്ങിയ വരകളുടെ പകര്‍പ്പും
പേരുവയ്ക്കാത്ത കത്തുമായി പോസ്റ്റുമാന് .
കവി, നവവാല്മീകി
തോള്‍സഞ്ചിയില്‍ രുദ്രാക്ഷം തപ്പി.
രാസനാമങ്ങളുരുവിട്ടു.
കാലുറക്കുള്ളിലെ നോട്ടുകള്‍
ഒന്നിനും തികയാതെ ....
അവ നിലാവത്തെ വെളുത്ത പൂച്ചയെപ്പോലെ
പല്ലിളിച്ചു..... കണ്ണുചിമ്മി ...............പിടിതരാതെ .
ചിലവിന്റെ കോളത്തില്‍ ചുവന്ന വരകള്‍ക്ക് മീതെ
മരുഭുമിയില്‍ പെയ്ത മഴപോലെ
അലിഞ്ഞു പോയി ..
കവി പോയി ....ദൂരേക്ക്.
ചിതല്പുറ്റുണ്ടാക്കാന് കളിമണ്ണ് തേടി .
ദൂരെനിന്നു ഒരു വില്ലുവണ്ടി
ഉടലില്ലാതെ... നാവ് മാത്രമായി ഒരുവള്‍.
കേള്‍ക്കാന്‍ ചെവിയുള്ളവര്‍ക്കായി
പല നിറത്തില്‍ തിളങ്ങുന്ന സുദര്‍ശന ചക്രങ്ങളില്‍
സ്വരവും നിറച്ച് .
അര്‍ഥമില്ലാത്ത വാക്കുകളാല്‍ ഈണങ്ങള്‍ തീര്‍ത്ത്
അവള് കാത്തിരുന്നു ... പടിപ്പുരയില്‍...
കളിമണ്ണുമായി വന്ന വാല്മീകി
തലകുനിച്ച് പിന്നാമ്പുറത്തുകൂടി അകത്തു കയറി
പത്മാസനസ്ഥനായി .
നവരസങ്ങള്‍ മന്ത്ര ജപങ്ങളായി.
മസ്തിഷ്കം ചതിയുടെ മാറാല തീർത്തു.
രസമൊൻപതും തികയാതെ .....കവി ...
ആര്‍ത്തനാദം ..... പിഴുതെറിയപ്പെട്ട താടിരോമങ്ങള്‍.
കാല് ചുവട്ടില്‍ നിന്നും ഒലിച്ചുപോകുന്ന മണ്ണ്
ഒടുവില്‍....
കയ്യില്ലാക്കവിത പിന്നാമ്പുറത്തെത്തി.
അവന്റെ ചെവിയില്‍ ഹെഡ്ഫോണ് തിരുകി.
പെരുമ്പറ മുഴക്കം പോലെ .....
യുദ്ധ കാഹളം പോലെ .....
വന്നു.... രസങ്ങള്‍ വന്നു...
ഒന്ന് ... രണ്ട്...ഒടുവില്‍ .....
കൈ വിരലുകള്‍ തീര്‍ന്നു....
വലത്തേ കൈയ്യുടെ പെരുവിരല്‍ തുമ്പില്‍
പത്താമത്തെ രസം ... ഭ്രാന്തം....

👍🏻👍🏻👍🏻
ReplyDeleteഭ്രാന്ത് പൂക്കുന്ന ചില ഇടനേരങ്ങളിൽ
ReplyDeleteമനസ്സിലുള്ള ചപ്പുചവറെല്ലാമെടുത്ത് തീയിടും.. 😊
കവിതയും പ്രണയവുമെല്ലാം അതിലിട്ട് കത്തിക്കും.. 😊
പക്ഷേ അത് കത്തിത്തീരുകയേയില്ല;
ഒന്ന് ജ്വലിച്ചതിനു ശേഷം
അതങ്ങനെ പുകഞ്ഞു കത്തിക്കൊണ്ടേയിരിക്കും..😊
������ശരിക്കും ജീവിതാനുഭവങ്ങൾ ഉൾക്കൊണ്ട്,,, കരുത്താർജ്ജിച്ച.... വ്യക്തിക്ക് മാത്രമേ ഇത്രയും അർത്ഥവത്തായ വാക്കുകൾ എഴുതാൻ കഴിയുകയുള്ളൂ.... യു ആർ ദ ഗ്രേറ്റ് ഫിലോസഫർ... പോയട്രെസ്....
ReplyDeleteMadness, despite the volumenous scholarship provided by Western critics,has never been attributed the qualias that of Rasa in the eastern camp of aesthetic experts.
ReplyDeleteപത്താമതൊരു രസത്തേപ്പറ്റി ഭരതമുനി ചിന്തിക്കാത്തത് പ്രാന്തൻ എന്ന വിളി പേടിച്ചാവാം! പക്ഷേ ജീവിതത്തിന് പ്രാന്തൻ രസമുണ്ട്. കവിതയ്ക്കും കവിയ്ക്കുമിടയിൽ പ്രാന്തിൻ്റെ കാന്തികതയുണ്ട്. അതിന്റെ ധ്രുവത മാറുമ്പോൾ കവിത കവിയിൽ നിന്നും വെടിയുണ്ട കണക്കേ തെറിച്ചു പോവുന്നു. പക്ഷേ പല കവികളും ആ പൊട്ടിത്തെറിയെ ദൈവത്തിന്റെ തിരുപ്രഹരമായി കണ്ട് ഹലേലൂയ! ഹലേലൂയ എന്നലറി വിളിക്കുമ്പോൾ പ്രാന്തിനെ അഥവാ ഭ്രമത്തെ,സർഗ്ഗത്തിന്റെ പത്താം രസമായി കാണുന്നത് തന്നെയാണ് ഉചിതം.
കവിതയിൽ ഏറ്റവും ശ്രമം ആവശ്യമുള്ളത് ബിംബങ്ങളെ കൂട്ടിച്ചേർത്തു കൊണ്ട് തന്നെ കവിതയെ ചലിക്കുന്ന ഒരു യന്ത്രമാക്കാനാണ്.ആ യന്ത്രത്തിൽ നിന്നാണ് അർത്ഥം വായനക്കാരന് വെളിപ്പെടുന്നത്..
ഇവിടെ ഒരു ഘടികാരത്തിലെ പൽചക്രങ്ങൾ എന്നപോലെ ബിംബങ്ങൾ പ്രവർത്തിക്കുന്നു. കവിതയും കവിയും നാടകീയമായി വേർപിരിയുന്നുണ്ടെങ്കിലും രണ്ടു വിപരീത വഴികളിൽ കൂടിയാണെങ്കിലും അവർ തിരിച്ചെത്തുന്നത് സർഗ്ഗഭ്രമത്തിൻ്റെ അദൃശ്യമായ ബിന്ദുവിൽ തന്നെയാണ്.
അഭിനന്ദനങ്ങൾ ടീച്ചറേ ഇത്ര നന്നായി ആരും ജീവിതത്തെ കവിതയോട് ചേർത്ത് താത്വികപ്പെടുത്തിയിട്ടില്ല..